ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ പരിപാടികളിൽ സംസാരിക്കും. വൈകീട്ട് നാലിന് പട്പർഗഞ്ച് അസംബ്ലിയിലും ആറിന് ഓഖ്‌ല അസംബ്ലിയിൽ നടക്കുന്ന പൊതുയോഗത്തിലുമാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ഊർജിതമാക്കി. കൂടുതൽ ദേശീയ നേതാക്കളെ മണ്ഡലങ്ങളിൽ ഇറക്കിയാണ് ഇനി പ്രചാരണങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. അതേസമയം പുതിയ വാഗ്ദാനങ്ങൾ കൂടി പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും പ്രചാരണം ഊർജ്ജിതമാക്കി.
അഴിമതിക്കാരെ പരിചയപ്പെടുത്തി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോയും ഉള്‍പ്പെട്ടിരുന്നു. ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞേക്കും. അതേസമയം കൂടുതൽ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രചരണം നടത്തുന്നത്. നാല്‍പ്പത് താരപ്രചാരകര്‍ വീതമാണ് ബിജെപിക്കും എഎപിക്കും വേണ്ടി രംഗത്ത് ഇറങ്ങുന്നത്. ഇതിനിടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത് എത്തി. ബിജെപിയുടെ എല്ലാ നേതാക്കളും രാജ്യതലസ്ഥാനത്ത് കിണഞ്ഞ് പരിശ്രമിച്ചാലും എഎപിയെ തോല്‍പ്പിക്കാനവില്ലെന്ന് രാജ്യസഭാ എംപി സഞ്ജയ് സിങ്ങ് പറഞ്ഞു. ഇനി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാത്രമാണ് ബിജെപിക്കായി ഡല്‍ഹിയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.