India

കസ്റ്റഡി കൊലപാതം; ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ – custodial death case

ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഐജി സാഹുർ ഹൈദർ സെയ്ദിയെയാണ് ചണ്ഡിഗഡിലെ സിബിഐ കോടതി ശിക്ഷിച്ചത്. 2017ൽ ഷിംലയിൽ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച കേസിലാണ് നടപടി.

ഐജി ഉൾപ്പെടെ 8 പൊലീസ് ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ട് മനോജ് ജോഷി 2017ൽ എസ് ആയിരുന്ന രാജീന്ദർ സിഗ്, അസിസ്റ്റന്റ് എസ്ഐ ദീപ്ചാന്ദ് ശർമ, കോൺസ്റ്റബിൾമാരായ മോഹൻലാൽ, സൂറത്ത് സിംഗ്, റഫി മൊഹമ്മദ്, രഞ്ജിത് സറ്റേറ്റ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കൊലപാതകം, മുറിവേൽപ്പിക്കൽ, തെറ്റായ രീതിയിൽ കുറ്റം സമ്മതിക്കാനുള്ള ശ്രമം, വ്യാജ തെളിവ് നൽകൽ, വ്യാജ തെളിവ് ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്നത്തെ പോലീസ് സൂപ്രണ്ടിനെ കോടതി കേസിൽ കുറ്റ വിമുക്തനാക്കിയിട്ടുണ്ട്.

2017 ജൂലൈ 18നാണ് സൂരജ് എന്ന യുവാവിനെ കൊട്ഖായ് പോലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജൂലൈയിൽ കൊട്ഖായിൽ നിന്ന് 16കാരിയെ കാണാതായ കേസിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ ഹലൈല വനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവ് അടക്കം 6 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരാൾ കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

STORY HIGHLIGHT: custodial death case