ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്.സി, എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്തു. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻറർ ഫോർ സസ്റ്റയിനബ്ൾ ടെക്നോളജിയിൽ നിന്ന് തന്നെ പുറത്താക്കാൻ ഹണി ട്രാപ്പ് കേസിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് പട്ടിക ജാതി വിഭാഗത്തിൽപെട്ട ദുർഗപ്പ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ക്രിസ് ഗോപാലകൃഷ്ണനും മുൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ബലറാമിനും കൂടാതെ മറ്റ് 16 പേരും കേസിൽ പ്രതികളാണ്. ആദിവാസി വിഭാഗമായ ബോവി സമുദായത്തിൽപ്പെട്ടയാളാണ് പരാതിക്കാരനായ ദുർഗപ്പ.
2014ൽ പരാതിക്കാരനെ ഹണി ട്രാപ്പ് കേസിൽ കുടുക്കുകയും പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുർഗപ്പ നൽകിയ പരാതിയിൽ പറഞ്ഞു.
അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റിയില്‍ നിന്നോ ക്രിസ് ഗോപാലകൃഷ്ണനില്‍ നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.