പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞാൻ കുറെ നേരം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം വരുന്നുണ്ട്. ഫെബ്രുവരിയിൽ ആയിരിക്കും സന്ദർശനത്തിന് വരുന്നത്. തിങ്കളാഴ്ച രാവിലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് എല്ലാം സംസാരിച്ചത്. ഇന്ത്യയുമായി തങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ‘രണ്ടാംതവണ അധികാരത്തിലെത്തിയതിൽ ട്രംപിനെ അഭിനന്ദിച്ചു. പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തിന് ഇരുനേതാക്കളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി കുറിച്ചു.
2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ച ലോക നേതാക്കന്മാരിൽ ഒരാളാണ് നരേന്ദ്ര മോദി. ഇരുവരും നല്ല രീതിയിലുള്ള സൗഹൃദ ബന്ധമാണ് തുടരുന്നത്. നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും 2019ൽ ഹ്യുസ്റ്റണിലും 2020ൽ ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന വിവിധ റാലികളിലും ആയിരകണക്കിന് ആളുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ ഇന്ത്യയിലേക്കാണ് അവസാനമായി വിദേശസന്ദർശനം നടത്തിയത്.