India

ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ‘ആന്റി റോമിയോ സ്‌ക്വഡ്’ രൂപികരിക്കുമെന്ന് ബിജെപി

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വിചിത്ര വാ​ഗ്ദാനവുമായി ബിജെപി. ഡൽഹിയിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാരുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയിൽ വാ​ഗ്ദാനം. പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് ബിജെപിയുടെ അവകാശവാദം. ഉത്തർപ്രദേശിലെ ആന്റോ റോമിയോ സ്‌ക്വഡ് പോലെ രാജ്യതലസ്ഥാനത്തും സദാചാര പൊലീസിനെ ഇറക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.

ഉത്തർപ്രദേശിൽ യോ​ഗി സർക്കാർ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്‍റി റോമിയോ സ്ക്വാഡ്. സ്ത്രീകളെയും പെൺകുട്ടികളെയും കളിയാക്കുകയും കമന്റടിക്കുകയും ചെയ്യുന്നവരെ പിടികൂടി ഗുണ്ടാ നിയമമനുസരിച്ച് കേസെടുക്കാൻ അധികാരം നൽകുന്നതായിരുന്നു യോഗിയുടെ ആന്റി റോമിയോ സ്‌ക്വഡ്. സ്ത്രീ സുരക്ഷയായിരുന്നു ലക്ഷ്യമെങ്കിലും സ്ത്രീ പുരുഷ ബന്ധത്തിന് ലൈംഗികതയുടെ മുഖം മാത്രം ചാർത്തിക്കൊടുത്ത് കുപ്രസിദ്ധി നേടുകയാണ് ആൻ്റി റോമിയോ സ്‌ക്വാഡ് ചെയ്‌തത്. പൂവാലശല്യം തടയാൻ ഇറങ്ങിത്തിരിച്ച പൊലീസ് സേന ദമ്പതികളെപ്പോലും വെറുതെ വിടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.സഹോദരി സഹോദരൻമാർക്ക് പോലും ഒരുമിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ഈ സംഘം സൃഷ്‌ടിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയ്ക്കുന്നതിനായി പണം ആവശ്യപ്പെടുക യുവാക്കളുടെ തല മൊട്ടയടിക്കുക, മുഖം കറുപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധ കാര്യങ്ങളും ആന്റി റോമിയോ സ്‌ക്വഡ് സ്വീകരിച്ചിരുന്നു.

സദാചാര പൊലീസായി യുവാക്കളെ മർദിക്കുന്നുവെന്ന വ്യാപക വിമർശനം പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നു