Kerala

ആതിരയുടെയും ജോണ്‍സന്റെയും ബന്ധം കുടുംബത്തിന് അറിയാമായിരുന്നു: ഡിവൈഎസ്പി

കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി. പ്രതി ജോണ്‍സണ്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ്. ആതിരയും ജോണ്‍സനും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ഇടാറുണ്ട്. ഒരേ ഗ്രൂപ്പില്‍ റീല്‍ ഇട്ട് ഉള്ള പരിചയമാണ് ഇരുവര്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വളരെ അടുത്തപ്പോള്‍ തനിക്കൊപ്പം വരണമെന്ന് ജോണ്‍സണ്‍ ആതിരയോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൂടെ ചെല്ലണമെന്ന് ജോണ്‍സന്‍ ആവശ്യപ്പെട്ടെങ്കിലും ആതിര പോകാന്‍ തയ്യാറായില്ല. ജോണ്‍സണ്‍ വീട് എടുത്തിരുന്നെങ്കിലും ആതിര ഒപ്പം ചെന്നിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കൃത്യം നടക്കുന്നതിന്റെ തലേദിവസം ആണ് കത്തി വാങ്ങിയത്. കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിയാണ് ആതിരയെ കൊലപ്പെടുത്തിയത്. ഇരുവര്‍ക്കുമിടയില്‍ പരസ്പരം പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ആതിരയുടെയും ജോണ്‍സന്റെയും ബന്ധം കുടുംബത്തിന് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണിന് നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തേ യുവതി ജോണ്‍സണുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്.

ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കൊലയ്ക്കു ശേഷം യുവതിയുടെ സ്‌കൂട്ടറിലാണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്.