ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ക്ക് ലോകം മുഴുവന്‍ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ഒപ്പണ്‍ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പന്‍ എഐ ചാറ്റ് ബോട്ടുകള്‍ക്കിടയിലേക്കാണ് ചൈനയില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഡീപ്‌സീക്ക് എത്തിയത്. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്‍മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില്‍ ഡീപ്‌സീക്ക് ചര്‍ച്ചയായത്.
ഡീപ്‌സീക്കിന്റെ വളര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉള്‍പ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. മാത്രമല്ല അമേരിക്കയില്‍ പോലും ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്‌സീക്ക് മാറിയെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെയും മറികടന്നാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. ഡീപ് സീക്കിന്റെ ഈ വളര്‍ച്ച ടെക്‌നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഡീപ്‌സീക്കിന്റെ പെട്ടെന്നുള്ള വളര്‍ച്ചയോടെ അമേരിക്കയിലെ പ്രധാനപ്പെട്ട എഐ സ്ഥാപനങ്ങളുടെ ഓഹരികളിലാണ് കുത്തനെയുള്ള ഇടിവ് നേരിട്ടത്. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഈ ഇടിവ് പ്രതിഫലിച്ചു.
തിങ്കളാഴ്ചയോടെ, പുതിയ ചൈനീസ് ‘എ.ഐ ചാറ്റ്ബോട്ട്’ പ്രധാന ടെക് സ്റ്റോക്കുകകളിൽ വൻതോതിലുള്ള വിറ്റഴിക്കലിന് കാരണമായി. ഇത് യു.എസ് ഓഹരികൾ നഷ്ടത്തിലാക്കി. ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ നഷ്ടം നേരിട്ടു. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ യു.എസ് സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്.
അമേരിക്കന്‍ എഐ മോഡലുകള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ചൈനീസ് ബദലുകള്‍ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡീപ്‌സീക്കിന്റെ ഈ മുന്നേറ്റം തുടര്‍ന്നാല്‍, മറ്റ് കമ്പനികള്‍ക്ക് അവരുടെ സ്ട്രാറ്റജികളില്‍ ഉള്‍പ്പടെ മാറ്റം വരുത്തേണ്ടി വന്നേക്കാം. മാത്രമല്ല എഐ ഹാര്‍ഡ്‌വെയറുകളുടെയും ചിപ്പുകളുടെയും നിര്‍മ്മാതാക്കള്‍ക്കും വലിയ തിരിച്ചടിയാകാം നേരിടേണ്ടി വരിക.
കിഴക്കന്‍ ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്‌സീക്ക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എഐ മോഡലാണ് ‘ഡീപ്‌സീക്ക്’. ലിയാങ് വെന്‍ഫെങ് എന്ന ഗവേഷകന്‍ 2023ല്‍ സ്ഥാപിച്ചതാണ് ഈ ലാബ്. ഡീപ്‌സീക്ക്-വി3 മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ സോഴ്‌സ് എഐ ആണ് കമ്പനി പുറത്തിറക്കിയത്. ഡീപ്‌സീക്ക് എഐ സേവനം പൂര്‍ണമായി സൗജന്യമാണ് എന്നതാണ് ആപിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.