വന്യജീവി ആക്രമണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന് നിസ്സംഗതയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ പുതിയ കാലത്ത് അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പഴയതും പുതിയതുമായ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുവർഷമായി സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ.
വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടുളള മലയോര ജാഥയ്ക്ക് ശേഷം സർക്കാരിലേക്ക് പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാം. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു രാധ. കാപ്പിക്കുരു പറിക്കുന്നതിനായി എസ്റ്റേറ്റിലെത്തിയ രാധയെ കടുവ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പിന്നാലെ ചീഫ് വൈൽഡ് വാർഡൻ കടുവയെ കൊല്ലാൻ ഉത്തരവിറക്കി. കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ തിങ്കളാഴ്ച രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.