കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ നടന്നത് സംഘർഷമല്ലെന്നും ഏകപക്ഷീയ അക്രമണമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ഡി സോൺ കലോത്സവത്തിന് വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികളെ സംഘാടകരും കെഎസ്യു- എംഎസ്എഫിന്റെ നേതൃത്വവും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നും ആർഷോ ആരോപിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ കെഎസ്യു സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ മാറിയെന്നും പി.എം.ആർഷോ പറഞ്ഞു.
തൃശൂര്‍ മാളയില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ നടന്ന കൂട്ടത്തല്ലിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിരുന്നു. വിധി നിര്‍ണയത്തില്‍ വ്യാപകമായ ഇടപെടല്‍ ഉണ്ടായി എന്ന് ആരോപിച്ച് നടന്ന വാക്കേറ്റം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. ആക്രമണത്തിൽ കേരള വർമ കോളേജിലെ എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറി ഉൾപ്പെയെ നിരവധി വിദ്യർഥികൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാളെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ എസ്എഫ്ഐ പഠിപ്പുമുടക്കും. യൂണിവേഴ്സിറ്റി യൂണിയന് ഉദ്ഘാടനത്തിന് അഡ്വാന്‍സ് ഇനത്തില്‍ പോലും നല്‍കിയത് 5 ലക്ഷം രൂപയാണ്. കണക്കുപോലും അവതരിപ്പിക്കാന്‍ യൂണിയന് നല്‍കിയില്ലെന്നും ആര്‍ഷോ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സ് തടഞ്ഞത് എസ്എഫ്ഐ അല്ല. സംഘാടകസമിതിയുടെ ബാഡ്ജറ്റ് ഇട്ട ആളുകളാണ് അക്രമം നടത്തിയത്. കെഎസ്യു വിന്റെ തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെയുള്ള ആളുകളാണ് ആക്രമണത്തിലുണ്ടായിരുന്നത്. ഒരു നിലയ്ക്കും വിദ്യാർഥികളോടുള്ള ധാർമിക ഉത്തരവാദിത്വം പാലിക്കാത്ത ആളുകളായി കെഎസ്യുവും സർവകലാശാല യൂണിയന്റെ നേതൃത്വവും മാറുന്നതായും ആർഷോ പറഞ്ഞു.