Gulf

​​ഗതാഗത നിയമം കർശനമാക്കി കുവൈറ്റ്, നിയമലംഘകർക്ക് കടുത്ത ശിക്ഷ

കുവൈറ്റിൽ ഗതാഗത നിയമം കർശനമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുക, വാഹനാപകടങ്ങൾ കുറയ്ക്കുക, ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഗതാഗത നിയമങ്ങൾ കർശനമാക്കിയത്. അശ്രദ്ധമായി വാഹനം ഓടിക്കുയോ റേസിംഗ് നടത്തുകയോ ചെയ്താൽ ആയിരം കുവൈറ്റി ദിനാർ പിഴ ലഭിക്കും. നിയമം ലംഘിച്ചാൽ മാസം മുതൽ രണ്ട് വർഷം വരെയാണ് ജയിൽശിക്ഷ.

പൊതു സ്ഥലത്ത് വാഹനമോ വാഹനത്തിന്റെ ഭാഗങ്ങളോ ഉപേക്ഷിച്ചാൽ 45 മുതൽ 75 വരെ ദിനാറാണ് പിഴ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ആദ്യത്തെ മൂന്ന് മാസം തടവും മുന്നൂറ് ദിനാർ പിഴയും ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകും. പുതിയതായി ലൈസൻസ് എടുക്കുന്നവർ ആദ്യ വർഷം രണ്ട് നിയമ ലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് പിൻവലിക്കുകയും വീണ്ടും ടെസ്റ്റിന് അയക്കുകയുംചെയ്യും. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ശിക്ഷ കടുത്തതാകുമെന്ന് മന്ത്രാലയം അറിയിക്കുന്നത്.

ഇ മെയിൽ, മൊബൈൽ ആപ്പ്, എസ്എംഎസ് തുടങ്ങിയ ഇലക്ട്രോണിക് രീതിയിലൂടെ മാത്രമായിരിക്കും നിയമ ലംഘനങ്ങളെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയിക്കുക. സാമൂഹ്യ സേവനം, സന്നദ്ധ പ്രവർത്തനം, അപകടത്തിൽ കേടുവരുത്തിയ സാധനങ്ങൾ ശരിയാക്കി കൊടുക്കൽ തുടങ്ങിയ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതികൾക്ക് അധികാരം നൽകിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ പുതിയനിയമം പ്രാബല്യത്തിൽ വരും.