ഇന്ത്യൻ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലിൻ്റെ ഒമാൻ സന്ദർശനം പുരോഗമിക്കുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, നിക്ഷേപ വർധന തുടങ്ങിയ വിഷയങ്ങളിൽ ഒമാൻ അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതി ഇരു രാജ്യങ്ങളുടെയും വാണിജ്യ, വ്യവസായ മന്ത്രിമാർ അവലോകനം ചെയ്തു.
ജനുവരി 14ന് ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം വട്ട ചർച്ചകൾ നടന്നിരുന്നു. സെപ കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നത് 2023ലാണ്. കരാറിൽ ഏർപ്പെടുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. യുഎഇയുമായും ഇന്ത്യ സമാന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
സന്ദർശനത്തിൻ്റെ ആദ്യദിനവും ഒമാൻ വാണിജ്യ നിക്ഷേപക പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫുമായി ഇന്ത്യൻ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ചർച്ച നടത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയായി.
ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. മസ്കറ്റിൽ നടന്ന ചടങ്ങിൽ ഓമാൻ നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയും ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങുമാണ് കരാർ ഒപ്പിട്ടത്. ആദായനികുതി സംബന്ധിച്ച സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള കരാർ പുതുക്കുന്നതിനുള്ള ഭേദഗതി പ്രോട്ടോകോളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ കരാറിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഓമാൻ പ്രതിനിധി വ്യക്തമാക്കി. നികുതി മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് പുതുക്കിയ പ്രോട്ടോക്കോൾ എന്നും നാസർ ബിൻ ഖാമിസ് അൽ ജാഷ്മി അഭിപ്രായപ്പെട്ടു.