Thiruvananthapuram

വിഴിഞ്ഞത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് എംഎസ് സി ഷിപ്പിംഗ് കമ്പനി

വിഴിഞ്ഞം തുറമുഖത്തിന്റെ സുസ്ഥിരവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലോകത്തെ മുന്‍നിര ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി മേധാവികളായ മിഷേലെ അവേസയും ഗെയ്താനോ എസ്‌പൊസിതോയും പറഞ്ഞു. 155 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് 860 കപ്പലുകളുണ്ട്. ജനീവയാണ് എം എസ് സിയുടെ ആസ്ഥാനം. വിഴിഞ്ഞം ‘വിഴിഞ്ഞം നാവിഗേറ്റിംഗ് ഫ്യൂച്ചര്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

വിഴിഞ്ഞം തുറമുഖത്തെ ഉല്‍പാദനക്ഷമത തുടക്കത്തില്‍ 35 എംപിഎച്ച് ആയിരുന്നത് നിലവില്‍ 50 എംപിഎച്ച് ആയി ഉയര്‍ത്തി. 2024 ഡിസംബറില്‍ കപ്പലുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ എംഎസ്സി പരിശ്രമിച്ചു. ഇതുവഴി കപ്പലുകളുടെ ശരാശരി കാത്തിരിപ്പ് സമയം 9.8 മണിക്കൂറായി കുറഞ്ഞു. വിഴിഞ്ഞം ടെര്‍മിനലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ എംഎസ്‌സിയുടെ ഇടപെടലോടെ സാധിച്ചു.

വിഴിഞ്ഞത്ത് സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കാനാണ് എം എസ് സിയുടെ ശ്രമം. 2050ഓടെ നെറ്റ് സീറോ ഡീ കാര്‍ബണൈസേഷന്‍ കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 22.5 ദശലക്ഷത്തിലധികം ടിഇയുകള്‍ കൈകാര്യം ചെയ്യുന്ന എം എസ് സി, ആഗോള വ്യാപാര ശൃംഖലയില്‍ വിഴിഞ്ഞം തുറമുഖം ഒരു സുപ്രധാന ഹബ്ബായി മാറുമെന്ന് ഉറപ്പാക്കുമെന്നും മിഷേലെ അവേസ പറഞ്ഞു.

Latest News