Kerala

കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റിനെതിരെ വധശ്രമത്തിന് കേസ്; നടപടി ഡിസോൺ കലോത്സവത്തിലെ സംഘർഷത്തിൽ | case-against-ksu-thrissur-district-president

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്തു

തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റ് ​ഗോകുൽ ​ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളേജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആംബുലൻസ് ഡ്രൈവർ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഘർഷത്തിന് പിന്നാലെ കൂടുതൽ തൃശ്ശൂർ കേരളവർമ്മ കോളേജിൽ കെഎസ്‌യുവിന്റെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിനുശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്‌യു ഇല്ലെന്നും പ്രകോപന പ്രസം​ഗത്തിൽ എസ്എഫ്ഐ പറഞ്ഞു.

മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ചുവിട്ടെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

ഇതിന് പിന്നാലെ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും സംഘവും സഞ്ചരിച്ചിരുന്ന ആംബുലൻസ് തടഞ്ഞ് കല്ലെറിഞ്ഞിരുന്നു. ആംബുലൻസിന് മുൻപിൽ കാർ നിർത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്ലേറിൽ ആംബുലൻസിൻ്റെ ചില്ലുകൾ തകർന്നു. ഡിസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർ‌ത്തകരുമായി പോയ ആംബുലൻസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. ആംബുലൻസിന് നേരെ കല്ലെറിഞ്ഞതിൽ എസ്എഫ്ഐക്ക് പങ്കില്ലെന്നും ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടന്നിട്ടില്ലെന്നുമായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ്റെ പ്രതികരണം.

content highlight: case-against-ksu-thrissur-district-president