ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘മദ്യ അഴിമതിയുടെ സൂത്രധാരനെ’ന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിലെ പടപഡ്ഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ രാഷ്ട്രീയം അവതരിപ്പിക്കുമെന്നും ഡൽഹിയെ മാറ്റുമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. എന്നാൽ ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമായി വന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. ഡൽഹിയിൽ അക്രമം നടന്നപ്പോഴും (2020ലെ കലാപം) അദ്ദേഹത്തെ എവിടെയും കണ്ടില്ല. ‘ശുദ്ധമായ രാഷ്ട്രീയ’ത്തെക്കുറിച്ചാണ് കെജ്രിവാൾ സംസാരിച്ചത്. എന്നാൽ ഏറ്റവും വലിയ മദ്യ അഴിമതി നടന്നത് ഡൽഹിയിലാണ്. രാഹുൽ വിമർശിച്ചു.
കെജ്രിവാളിനെതിരെ ബിജെപി ഉന്നയിച്ച ‘ശീഷ്മഹൽ’ (ചില്ലുമേട) വിവാദത്തെയും രാഹുൽ ഗാന്ധി ഉയർത്തികാട്ടി. കെജ്രിവാൾ ശീഷ്മഹലിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബംഗ്ലാവ് നവീകരിക്കാൻ എഎപി 45 കോടി രൂപ ചെലവഴിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ പിന്തുണക്കുന്നതായിരുന്നു രാഹുലിന്റെ ആരോപണം.
ഡൽഹി തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്നുക്കൊണ്ട് എഎപിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തനിയെ മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ഇരു പാർട്ടികളും എത്തിചേർന്നതോടെ കനത്ത ആരോപണ പ്രത്യാരോപണങ്ങൾക്കായിരുന്നു രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് എഎപി ബന്ധം കൂടുതൽ വഷളാകുന്നുവെന്നതിന്റെ ശക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.
content highlight: rahul-gandhi-slams-kejriwal