ശ്രീഹരിക്കോട്ട: ശ്രഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ (എസ്ഡിഎസ്സി) നിന്ന് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നു. ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ. 2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. 2023 മേയ് 29-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത്.