Gulf

പുരാതനമായ അൽ മക്തൂം പാലം തുറന്ന് ദുബായ്, അറ്റകുറ്റ പണികൾ പൂർത്തിയാക്കി

ദുബായ് നഗരത്തിലെ ഏറ്റവും പുരാതന പാലമായ അൽ മക്തൂം ബ്രിഡ്‌ജ്, അറ്റകുറ്റ പണികൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്ന് നൽകി. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാലം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. ഞായറാഴ്ചയും വ്യാഴാഴ്ചയും അർദ്ധരാത്രി ഒരു മണി മുതൽ പുലർച്ചെ വരെ അറ്റകുറ്റപ്പണിയുണ്ടാകുമെന്ന് റോഡ്‌സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.

ദുബായ് നഗരത്തിലെ ആദ്യ പാലമാണ് അൽ മക്തൂം ബ്രിഡ്‌ജ്. ബർദുബായ്-ദേര നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 1963-ലാണ് നിർമ്മിച്ചത്. അറുപത്തിയൊന്നാം വർഷത്തിലാണ് പാലം അറ്റകുറ്റ പണിക്കായി അടച്ചിട്ടത്. അതായത് കഴിഞ്ഞ ഒക്ടോബർ 27-ന്. ഭാഗികമായി ഗതാഗതം അനുവദിച്ചിരുന്നെങ്കിലും ഞായറാഴ്ചകളിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. അറ്റകുറ്റപ്പണി പൂർണ തോതിൽ പൂർത്തിയായതിനാലാണ് ഞായറാഴ്‌ചകളിലും ഇനി മുതൽ പാലം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് റോഡ്‌സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചത്. അതേസമയം, വ്യാഴാഴ്‌ രാത്രി ഒരു മണിമുതൽ വെള്ളിയാഴ്‌ച പുലർച്ചെ നാലര വരെയും ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ തിങ്കളാഴ്‌ച പുലർച്ചെ നാലര വരെയും തുടർ അറ്റകുറ്റ പണികൾക്കായി പാലം അടച്ചിടും. ഈമാസം 16-ന് അറ്റകുറ്റ പണി പൂർത്തിയായിരുന്നു. സാങ്കേതിക നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് പാലം തുറന്നുകൊടുത്തത്.