പ്രയാഗ്രാജ്: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു, നിരവധി പേർക്കു പരുക്കേറ്റു. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്.
25-30 സ്ത്രീകൾ നിലവിൽ ചികിത്സയിലുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിഷയത്തിൽ, അടിയന്തര നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. തിരക്കിനെ തുടർന്ന് അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു.