ഷാർജയിൽ പാർക്കിങ് കേന്ദ്രങ്ങൾ കൂടുതൽ സ്മാർട്ട് ആകുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ പാർക്കിംഗ് സംവിധാനം എമിറേറ്റിൽ നടപ്പാക്കി തുടങ്ങി. തൊണ്ണൂറായിരം വാഹന പാർക്കിങ് സ്ഥലങ്ങളാണ് തുടക്കത്തിൽ സ്മാർട്ടാകുന്നത്.
പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് വാഹനം കയറുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പാർക്കിംഗ് രേഖപ്പെടുത്തുന്നതാണ് പുതിയ സ്മാർട്ട് പാർക്കിംഗ് രീതി. വാഹനം പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫീസ് എത്രയെന്ന് അറിയിക്കും. മൗഖഫ് മൊബൈൽ ആപ്പ് ആണ് പാർക്കിംഗ് സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ വാലറ്റ് വഴിയോ പാർക്കിംഗ് ഫീസ് അടയ്ക്കാം.
പാർക്കിംഗിന് ശേഷം 72 മണിക്കൂറിനുള്ളിൽ ഫീസ് അടച്ചാലും മതിയാകും. 72 മണിക്കൂർ കഴിഞ്ഞാൽ പിഴ ഈടാക്കും. മാത്രമല്ല, ഒരു ദിവസം മുതൽ ഒരു വർഷം വരെയുള്ള ദീർഘകാലത്തേക്ക് ഫീസ് അടച്ച് പാർക്കിംഗ് കേന്ദ്രം ബുക്ക് ചെയ്യാനും പുതിയ സംവിധാനത്തിൽ സൗകര്യമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന പാർക്കിംഗ് സ്ഥലം കണ്ടെത്താനും മൊബൈൽ ആപ്പ് സഹായകമാണ്. എമിറേറ്റിലെ 90,000 വാഹന പാർക്കിംഗ് സ്ഥലങ്ങളിലാണ് ഈ സംവിധാനം തുടക്കത്തിൽ നടപ്പാക്കുകയെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
അതേസമയം അൽ ഖാനിലും അൽ ഖാസിമിയയിലും (അൽ നാദ്) രണ്ട് സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ തുറക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മൊത്തം 392 പാർക്കിങ് സ്ഥലങ്ങളാണ് തുറക്കുന്നത്. നിലവിൽ ഷാർജയിൽ 90,000 സ്മാർട്ട് പാർക്കിങ് സ്ഥലങ്ങളുണ്ട്. ഈ ഇടങ്ങളിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ വാഹനം പ്രവേശിക്കുമ്പോൾ തന്നെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് രജിസ്റ്റർ ചെയ്യുന്നു. പുറത്തുകടക്കുമ്പോൾ, ക്യാമറകൾ വീണ്ടും പ്ലേറ്റ് പരിശോധിച്ച് പാർക്കിങ് സമയം കണക്കാക്കുന്നു. തുടർന്ന് വാഹന ഉടമയ്ക്ക് ഫീസ് സംബന്ധിച്ച് അറിയിപ്പ് അയയ്ക്കും. ഉടമയ്ക്ക് മവാഖിഫ് സ്മാർട്ട് ആപ്പ് വഴി പണമടയ്ക്കാം.