Travel

ഒറ്റപ്പൈസ നികുതി കൊടുക്കാതെയും ജീവിക്കുന്നവരുണ്ട് ഈ രാജ്യത്ത്; എവിടെയാണെന്ന് അറിയണ്ടേ ? | unique tax free state in india

ആ സംസ്ഥാനം രാജ്യത്തെ ഏക നികുതി വിമുക്ത സംസ്ഥാനമാണ്

2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിർമല സീതാരാമന്റെ എട്ടാം ബജറ്റ് അവതരണമാണിത്. തുടർച്ചയായി 6 തവണ ബജറ്റ് അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ നിർമല മറികടന്നിരുന്നു. ബജറ്റിലെ ഏതൊരു പ്രഖ്യാപനത്തേക്കാളും ജനങ്ങള്‍ ഉദ്വേഗത്തോടെ കാത്തിരിക്കുന്നത് നികുതി പരിഷ്‌കാരങ്ങളാണ്. നിലവിലെ ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇതൊന്നും ബാധിക്കാത്ത, നികുതി പരിഷ്‌കാരങ്ങളെ കുറിച്ച് ആശങ്കപ്പെടാത്ത ഒരു കൂട്ടരുണ്ട് നമ്മുടെ രാജ്യത്ത്. കാരണം ആ സംസ്ഥാനം രാജ്യത്തെ ഏക നികുതി വിമുക്ത സംസ്ഥാനമാണ്. ഏതാണ് ആ സംസ്ഥാനമെന്നല്ലേ, സിക്കിം.

ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ പത്ത് (26AAA) പ്രകാരമാണ് വടക്കുകിഴക്കന്‍ മലയോര സംസ്ഥാനമായ സിക്കിമിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 330 വര്‍ഷത്തോളം രാജഭരണത്തിന് കീഴിലായിരുന്ന സിക്കിം 1975ലാണ് ഇന്ത്യയില്‍ ലയിച്ച് രാജ്യത്തെ 22ാമത് സംസ്ഥാനമായി മാറിയത്. ലയനത്തിന് ശേഷവും സിക്കിമിലെ പഴയ നികുതി ഘടന തുടരുമെന്ന വ്യവസ്ഥയിലായിരുന്നു ഇന്ത്യയുമായുള്ള ലയനം. സിക്കിമിലെ നികുതി വ്യവസ്ഥ അനുസരിച്ച്, വരുമാനം എത്രയായാലും ഒരു നികുതിയും നല്‍കേണ്ടതില്ല.

2008-ലെ കേന്ദ്ര ബജറ്റ് സിക്കിമിലെ നികുതി നിയമം റദ്ദാക്കുകയും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (26AAA) പ്രകാരം സിക്കിം ജനതയെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ വകുപ്പ് പ്രകാരം സിക്കിമില്‍ നിന്നും സമ്പാദിക്കുന്ന ഏതൊരു വരുമാനവും നികുതിയിളവിന് അര്‍ഹമാണ്. 1975 ഏപ്രില്‍ 26-ല്‍ വരെ സിക്കിം സബ്ജക്ട്‌സ് രജിസ്റ്ററില്‍ പേര് ചേര്‍ത്തിട്ടുള്ളവര്‍, 1990-1991 കാലയളവില്‍ സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ഈ ഓര്‍ഡറുകളില്‍ പേര് ചേര്‍ത്തിട്ടുള്ളവര്‍, രജിസ്റ്ററില്‍ പേരുള്ളവരുടെ അടുത്ത ബന്ധുക്കള്‍ (അച്ഛന്‍, ഭര്‍ത്താവ്, സഹോദരങ്ങള്‍) എന്നിവരും നികുതിയിളവിന് അര്‍ഹരാണ്. ഭരണഘടനയിലെ 371 (f) സിക്കിമിന് പ്രത്യേക പദവിയം നല്‍കിയിരിക്കുന്നു.

അതുപോലെ ഇന്ത്യന്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിന് സിക്കിം പൗരന്മാര്‍ പാന്‍ കാര്‍ഡും നല്‍കേണ്ടതില്ല. അതേസമയം സിക്കിമിന് പുറത്ത് നിന്നുള്ള വാടക വരുമാനത്തിനോ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മറ്റ് വരുമാനങ്ങള്‍ക്കോ നികുതിയിളവ് ബാധകമല്ല. 2008 എപ്രില്‍ ഒന്നിന് ശേഷം സിക്കിമിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിച്ച് സിക്കിം വനിതകള്‍ക്കും നികുതിയിളവ് ബാധകമായിരിക്കില്ല. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി 2008ലെ തീരുമാനം ശരിവെച്ചു.

ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗക്കാരെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലഡാക്ക് മേഖലയില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരില്‍ താമസിക്കുന്നവരും നികുതി അടക്കേണ്ടതില്ല.