നെന്മാറ ഇരട്ടക്കൊല നടത്തി ഒടുവിൽ പിടിയിലായ പ്രതി ചെന്താമര യാതൊരു കൂസലുമില്ലാതെ ലോക്കപ്പിലേക്ക് വന്നുകയറിയതും പൊലീസുകാരോട് ചോദിച്ചത് ചിക്കനും ചോറും. ലോക്കപ്പിലേക്ക് വന്ന് കയറിയ ഉടനെ പ്രതി പൊലീസുകാരോട് ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു.
ഉടൻ തന്നെ തൊട്ടടുത്ത മെസ്സിൽ പൊലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങി നൽകി. രണ്ട് പേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ കണ്ടത്. പൊലീസുകാരുടെ ചോദ്യങ്ങൾക്ക് വളരെ വിശദമായി തന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു.
അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയിൽ വ്യക്തമായി. തലേദിവസം വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.
ഇപ്പോൾ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചെന്താമര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയെ കൊലപ്പെടുത്താൻ കാരണമെന്നും ആയിരുന്നു 2019 മൊഴി. എന്നാൽ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പ്രതി പറയുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.