മക്കയിലും മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശികൾക്ക് നിക്ഷേപം നടത്താൻ സൗദി അറേബ്യ അനുമതി നൽകി തുടങ്ങി. മക്കയിലെയും മദീനയിലെയും നിലവിലുള്ളതും ഭാവിയിലുമുള്ള പദ്ധതികൾക്ക് വിദേശ മൂലധനത്തെ ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇതുസംബന്ധയായ പ്രഖ്യാപനം നടത്തിയത്. മക്ക, മദീന നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കിയിട്ടുള്ള ലിസ്റ്റഡ് സൗദി കമ്പനികളിൽ വിദേശികൾക്ക് നിക്ഷേപം നടത്താൻ അനുവാദം നൽകി തുടങ്ങിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
നിക്ഷേപം ഉത്തേജിപ്പിക്കുക, മൂലധന വിപണിയുടെ ആകർഷണീയതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം അതിൻ്റെ പ്രാദേശിക, അന്തർദേശീയ മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദി വിപണിയിൽ ലഭ്യമായ നിക്ഷേപ ഉൽപ്പന്നങ്ങൾ വഴി മക്കയിലെയും മദീനയിലെയും നിലവിലുള്ളതും ഭാവിയിലുമുള്ള പദ്ധതികൾക്ക് ആവശ്യമായ വിദേശ മൂലധനത്തെ ആകർഷിക്കുന്നതും ലക്ഷ്യമിടുന്നു. വികസന പദ്ധതികൾക്ക് ഒരു പ്രധാന ഫണ്ടിംഗ് സ്രോതസ്സായി മാറുമെന്നും അധികൃതർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സൗദി ഓഹരി വിപണിയുടെ കാര്യക്ഷമത ഉയർത്താനും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കാനുമാണ് മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റുകളുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപങ്ങൾ നടത്താൻ വിദേശികളെ അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പുണ്യനഗരങ്ങളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ വ്യക്തികളും കമ്പനികളുമായ വിദേശ നിക്ഷേപകരുടെ ആകെ ഓഹരി ഉടമസ്ഥാവകാശം 49 ശതമാനം കവിയാൻ പാടില്ല. ഫോറിൻ സ്ട്രാറ്റജിക് ഇൻവെസ്റ്റർമാർക്ക് ഇത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപങ്ങൾ നടത്താൻ അനുമതിയുണ്ട്.