India

സെഞ്ച്വറിയടിച്ച് ശ്രീഹരിക്കോട്ട; ജിഎസ്എല്‍വി എഫ് 15 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. GSLVF15 റോക്കറ്റിന്റെ ചിറകിലേറി ഗതി നിര്‍ണയ ഉപഗ്രഹം NVS2 വിജയപഥത്തില്‍ എത്തിയതോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തിയത്. ഐഎസ്ആര്‍ഒ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 6.23 ഓടെയാണ് ജിഎസ്എല്‍വി എഫ്-15 റോക്കറ്റ് ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍വിഎസ്- 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്.

വിക്ഷേപണം നടന്ന് 19 മിനുട്ടില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തി. ഐഎസ്ആര്‍ഒ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്. എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപിച്ചതയോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ 100 വിക്ഷേപണങ്ങള്‍ എന്ന ചരിത്ര ഘട്ടത്തിലേക്ക് എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി.-എഫ്. 15 കുതിച്ചത്.

രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് ഉയര്‍ന്നത്. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഉപഗ്രഹമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം.