ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ വിശദാംശങ്ങളുമായി മുംബൈ പൊലീസ്. അറസ്റ്റിലായത് യഥാർഥ പ്രതിയാണെന്നും സാങ്കേതിക തെളിവുകളും കുറ്റസമ്മതവുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഒന്നിലധികം പ്രതികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും അഡീഷണൽ പൊലീസ് കമ്മീഷണർ പത്രസമ്മേളനത്തിൽ പറഞ്ഞു. സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ജനുവരി 19 നാണ് പ്രതി അറസ്റ്റിലാകുന്നത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സെയ്ഫ് അലി ഖാൻ കേസിൽ നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഉയരുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് റീജിയൻ അഡീഷണൽ പൊലീസ് കമ്മീഷണർ പരംജിത് ദാഹിയ വാർത്താസമ്മേളനം നടത്തിയത്. വിരലടയാള റിപ്പോർട്ട് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് ദാഹിയ പറഞ്ഞത്. ശരിയായ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. ആശുപത്രി രേഖകളിലെ പൊരുത്തക്കേടുകൾ ഉയർത്തിയ ചർച്ചകൾക്കും അഡീഷണൽ പൊലീസ് കമ്മീഷണർ വിശദീകരണം നൽകി.
ലീലാവതി ഹോസ്പിറ്റലിൽ നിന്നാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഓഫീസർ വ്യക്തമാക്കി. പോലീസ് സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ജനുവരി 16 നാണ് സംഭവം നടന്നത്, നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയിൽ അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ച പ്രതി രക്ഷപ്പെടാനുള്ള പ്രതിരോധത്തിനിടെയാണ് നടനെ ആക്രമിച്ചത്. ജനുവരി 19 ന് താനെയിൽ നിന്ന് ബംഗ്ലാദേശിയായ പ്രതി ഷരീഫുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.