പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏകദേശം 8 മുതൽ 10 കോടി വരെ ഭക്തരാണ് കുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്.
സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഖാഡ മാർഗിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു കിംവദന്തിക്കും ചെവികൊടുക്കരുത്. കുറച്ച് ഭക്തർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.
അവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നല്ല ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാർ അറിയിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.