മഹാകുംഭമേളയിൽ തിക്കും തിരക്കും; അമൃത സ്നാനത്തിൽ നിന്ന് അഖാഡകൾ പിന്മാറി
മഹാകുംഭമേളയിൽ തിക്കും തിരക്കും കാരണം ബുധനാഴ്ചത്തെ അമൃത സ്നാനത്തിൽ നിന്ന് അഖാഡകൾ പിന്മാറി. മഹാകുംഭ മേളയുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ മൗനി അമാവാസിയിൽ സ്നാനഘട്ടങ്ങളിൽ അഭൂത പൂർവമായ തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന് അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്‌നാൻ പിൻവലിച്ചുവെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. എഎൻഐയുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ ‘ഷാഹി സ്നാന’ത്തിൽ അഖാഡകൾ പങ്കെടുക്കും.മൗനി അമാവാസിയിൽ ഇന്നത്തെ രണ്ടാം ‘ഷാഹി സ്നാന’ത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ കോടിക്കണക്കിന് ഭക്തർ വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി. ഇതിനിടെ പുലർച്ചെ 2 മണിയോടെ സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.10 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ ഉണ്ടാകുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിച്ചിരുന്നത്.