Kerala

പ്രണയത്തിൽ നിന്നും പിന്മാറി? യുവാവ് യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്‌തു

തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച് സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു.

അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.

ഇത് ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പൊലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.