India

റെയില്‍വേ സ്റ്റേഷനില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; ബലാത്സം​ഗത്തിനിരയായെന്ന് പൊലീസ്

റെയില്‍വേ സ്റ്റേഷനില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നവി മുംബൈ ടൗണ്‍ഷിപ്പ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായതായി സൂചന ലഭിച്ചെന്ന് പൊലീസ് ബുധനാഴ്ച വെളിപ്പെടുത്തി. വാഷി ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ കുട്ടി ഇതുവരെ പൊലീസുമായി പങ്കുവെച്ചിട്ടില്ല. തിങ്കളാഴ്ചയാണ് ഘാന്‍സോലി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഒറ്റയ്ക്ക് പെണ്‍കുട്ടിയെ കണ്ടത്. മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ഒറ്റപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടതോടെ പട്രോളിങ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ കുട്ടി പ്രതികരിച്ചില്ലെന്നും സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കുട്ടി ബലാത്സംഗത്തിന് ഇരയായതായി പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് താന്‍ അനുഭവിച്ച പീഢനത്തെ പറ്റിയുള്ള വിവരങ്ങളൊന്നും പൊലീസിനോട് പറയാന്‍ സാധിച്ചിട്ടില്ല. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.