Celebrities

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു ? ചിത്രം വൈറലാകുന്നു | nikhila vimal sister takes religious vows

അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം

മലയാള സിനിമയുടെ ത​ഗ് റാണി എന്നാണ് സോഷ്യൽ മീഡിയകളിൽ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ വളരെ പെട്ടെന്നാണ് നിഖില ഓരോ ചോദ്യങ്ങൾക്കും മറുപടി പറയുന്നത്. താരത്തിന്റെ ചിത്രങ്ങളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ താരത്തിന്റെ സഹോദരിയെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായിട്ടാണ് സൂചന. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫേസ്ബുക്ക് കുറിപ്പിലാണ്.

ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര് കമന്റ്റ് ചെയ്യുന്നുണ്ട്.

“ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം.” എന്നാണ് അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കിൽ കുറിച്ചത്.

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.

ഏറെ നാളായി ആധ്യാത്മിക പാതയിലാണെന്നാണ് അഖിലയുടെ ഫേസ്ബുക്ക് കുറിപ്പുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ സന്യാസ ദീക്ഷ സ്വീകരിച്ച് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചു എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പ് സൂചിപ്പിക്കുന്നത്.

CONTENT HIGHLIGHT: nikhila vimal sister takes religious vows