India

അങ്ങേയറ്റം ദുഃഖകരം; മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.

അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.