India

കീറിയ ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല; സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തി

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും മിനി സ്കർട്ട്സിനും ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിൻ്റെ പവിത്രതയെ മാനിക്കുന്ന തരത്തിലാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

മുറിഞ്ഞതോ കീറിയ രീതിയിലോ ഉള്ള ട്രൗസറുകൾ, ഷോർട്ട് സ്‌കർട്ട്, ശരീരഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

അനുചിതമായ വസ്ത്രങ്ങൾ മറ്റ് ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡ്രസ് കോഡ് തീരുമാനമെന്ന് ട്രസ്റ്റ് പറഞ്ഞു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദിവസവും എത്തുന്നതെന്നും ആരാധനാലയത്തിൽ അനാദരവായി തോന്നുന്ന വസ്ത്രധാരണത്തെക്കുറിച്ച് നിരവധി സന്ദർശകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു. ‘ആവർത്തിച്ചുള്ള അഭ്യർഥനകൾ ലഭിച്ചതിനെത്തുടർന്ന്, ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിനായി ഡ്രസ് കോഡ് നടപ്പിലാക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു’ ഉത്തരവിൽ പറയുന്നു.