പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം എന്നത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും തിടുക്കത്തിൽ അനുമതി നൽകിയെന്ന ആക്ഷേപവും ശരിയല്ലെന്നും മന്ത്രി വിശദീകരിച്ചു. ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല, അക്കാര്യം ഉറപ്പ് പറയുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരിക്കുന്നത് മന്ത്രിസഭാ രേഖയാണ്. പൊതു മണ്ഡലത്തിലുള്ള കാര്യമാണ് പുറത്ത് വിട്ടത്. 16-ന് തന്നെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത കാര്യമാണ്. അതാണ് രഹസ്യ രേഖ എന്ന് അവതരിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒറ്റ കമ്പനി മാത്രം എങ്ങനെ അറിഞ്ഞു എന്നതാണ് ചോദിക്കുന്നത്. ഇങ്ങനെ കൂസലില്ലാതെ കളളം പറയാമയെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ നടപടിക്രമം പാലിച്ചാണ് അനുമതി നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ എത്തിച്ചത്. ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഘടകകക്ഷികളുടെ ആശങ്ക എൽഡിഎഫ് ചർച്ച ചെയ്യും. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കി. അപവാദങ്ങൾ ഭയന്ന് പിന്നോട്ട് പോകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.