രണ്ടു വര്‍ഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളില്‍ നടത്തിയ സര്‍വേയില്‍ 9 ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരില്‍ ഒന്നര ലക്ഷം പേര് മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യവകുപ്പ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി.
സ്തനാര്‍ബുദ സാധ്യത തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളര്‍ത്തുന്നതിനായി എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ നിഷാ ജോസ് കെ. മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫ് വഴുതയ്ക്കാട് ഗവ.വിമന്‍സ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ സ്തനാര്‍ബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജലദോഷം വന്നാല്‍ പോലും പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികള്‍ കാന്‍സറാണെന്ന് സംശയം തോന്നിയാല്‍ പോലും ഡോക്ടറെ കാണാന്‍ മടിക്കുന്നു.
ഭയമാണ് കാരണം. നാല്‍പ്പത് വയസിന് മുകളിലാണ് സ്തനാര്‍ബുദ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടന 30 വയസിന് മുകളിലുള്ളവര്‍ സ്തനാര്‍ബുദ സാധ്യത പരിശോധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ രണ്ട് സ്തനാര്‍ബുദ രോഗികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ മരിക്കുന്നു. രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ തീര്‍ച്ചയായും രക്ഷപ്പെടും. ഗുണമേന്മയും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കണമെങ്കില്‍ രോഗം എത്രയും വേഗം കണ്ടെത്തണം.
നിഷാ ജോസ് കെ. മാണി ഏറ്റെടുത്തിരിക്കുന്ന യാത്ര സഹജീവികള്‍ക്കുള്ളതാണ്. ഓരോരുത്തരിലും ഇത് എത്തിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭര്‍ത്യപിതാവ് കെ.എം. മാണി ഉപയോഗിച്ചിരുന്ന കാറിലാണ് നിഷയുടെ യാത്ര. 2013 ല്‍ മുടിമുറിച്ച് കാന്‍സര്‍ രോഗ ബാധിതര്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്കിയതു മുതലാണ് താന്‍ കാന്‍സര്‍ ബാധിതരുമായി അടുത്ത് ഇടപഴുകിയതെന്ന് നിഷാ ജോസ് കെ. മാണി പറഞ്ഞു. ഇതില്‍ നിന്നാണ് സ്തനാര്‍ബുദ പരിശോധന എന്ന ആശയം എനിക്ക് ലഭിച്ചത്. എല്ലാവരുടെയും പിന്തുണയുടെ ഫലമായി നിസാരമായി എനിക്ക് രോഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞു.
ഒരു വര്‍ഷമെടുത്ത് രാജ്യത്തെ നദികളിലൂടെ നടത്തിയ തുഴച്ചില്‍ അവസാനിച്ചപ്പോഴാണ് എനിക്ക് രോഗം പിടിപ്പെട്ടത്. ഇനിയുള്ള ജീവിതം കാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണ തുഴച്ചിലാണെന്ന് തിരിച്ചറിഞ്ഞു. ഓപ്പോളിനൊപ്പമാണ് ഈ യാത്ര. ഞാനാകുന്ന നദി സമുദ്രത്തിലെത്തുന്നത് വരെ ബോധവല്‍ക്കരണ യാത്ര തുടരുമെന്നും നിഷ പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ഥിനികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
CONTENT HIGH LIGHTS; Risk of cancer was detected in 9 lakh people; Only one and a half lakh people came for inspection: Minister Veena George