Kerala

വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം ട്രയല്‍സ് തുടങ്ങി

തിരുവനന്തപുരം വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത്. അത് ലറ്റിക്സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബാള്‍ എന്നീ ഇനങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.

കായിക മികവിനൊപ്പം അക്കാദമിക് രംഗത്തും മുന്നിട്ടുനില്‍ക്കുന്ന ഈ സ്കൂള്‍ കഴിഞ്ഞ അധ്യായന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ +2 പരീക്ഷയ്ക്ക് 100% വിജയം നേടിയിരുന്നു. ഇത്തവണത്തെ സംസ്ഥാന കായിക മേളയില്‍ ആദ്യപത്തിലെത്തിയ സ്കൂളുകളിലൊന്നുമാണിത്. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

ഇതിനു പുറമേ ഉന്നത നിലവാരത്തിലുള്ള കായിക പരിശീലനം, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലെ പങ്കാളിത്തം എന്നിവയും സ്കൂളിനെ ശ്രദ്ധേയമാക്കുന്നു. സ്പോര്‍ട്സ് ക്വാട്ടയിലും ഗ്രേഡ് മാര്‍ക്ക് വഴിയും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.

ജനുവരി 30 ന് കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിലും 31 ന് മലപ്പുറം തിരുവാലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനത്തും ട്രയല്‍സ് നടത്തും. ഫെബ്രുവരി 1 ന് പാലക്കാട് വിക്ടോറിയ കോളേജിലും 3 ന് തൃശൂര്‍ സെന്റ് തോമസ് കോളേജ് സ്റ്റേഡിയത്തിലും 4 ന് എറണാകുളം തേവര എസ്. എച്ച് കോളേജിലും 5 ന് ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് കോളേജിലുമാണ് ട്രയല്‍സ്.

6 ന് കോട്ടയത്ത് പാലാ മുനിസിപ്പല്‍ മൈതാനത്തും 7 ന് ആലപ്പുഴ കലവൂര്‍ സ്റ്റേഡിയത്തിലും 8 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 10 ന് കൊല്ലം കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലും 11 ന് തിരുവനന്തപുരത്ത് വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിലും ട്രയല്‍സ് നടത്തി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും. രാവിലെ 8 മുതല്‍ ട്രയല്‍സ് ആരംഭിക്കും.

ദേശീയ – സംസ്ഥാന – ജില്ലാ തല വിജയികള്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരെയോ ബന്ധപ്പെടുക. വെള്ളായണി എം.ആര്‍.എസ്. സ്കൂളില്‍ നിന്നും വിശദാംശങ്ങള്‍ അറിയാം
ഫോണ്‍ – 7356075313, 9744786578

CONTENT HIGH LIGHTS; Vellayani Ayyankali Memorial Model Residential Sports School admission trials have started