നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ ആലത്തൂർ സബ് ജയിലിലേയ്ക്ക് കൊണ്ടുപോകും.
തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം.
തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെ ഇന്നലെ പൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയിൽ കൂട്ടതിരച്ചിൽ നടന്ന സമയത്ത് തന്നെ പ്രതി പൊലീസ് കസ്റ്റഡിയിലാവുകയായിരുന്നു.