വിഴിഞ്ഞത്തെ മുഖ്യവ്യവസായങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്പേസ് പാര്‍ക്ക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി 20 പ്രധാനമേഖലകളിലാണ് വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം ഫോക്കസ് ചെയ്യുകയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ളേവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വിഴിഞ്ഞത്ത് നിന്നും റോഡ്, റെയില്‍ കണക്ടിവിറ്റി ഉറപ്പാക്കും. വല്ലാര്‍പാടം അടക്കം വലുതും ചെറുതുമായ 18 തുറമുഖങ്ങളെ ഇതിനായി ഉപയോഗിക്കും. വിഴിഞ്ഞം തുറമുഖം ലോകത്തിന് മുന്നില്‍ തുറന്ന് വയ്ക്കുന്നത് അനന്തമായ സാധ്യതകളാണെന്നും നിക്ഷേപ താത്പര്യമുള്ള വ്യവസായികള്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെയുള്ള ധാരണപത്രങ്ങളുമായി വന്നാല്‍ അതിലൊപ്പു വയ്ക്കാനും മുന്നോട്ട്പോകാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായികള്‍ക്ക് എന്തു പ്രതിസന്ധി വന്നാലും സര്‍ക്കാരിനെ സമീപിക്കാം. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് അതിന് കൃത്യമായ പരിഹാരം കാണാനും എല്ലാ നിക്ഷേപകര്‍ക്കും ബാധകമാകുന്ന തരത്തില്‍ പൊതുവായ നിയമഭേദഗതി വരുത്താനുമൊക്കെ സര്‍ക്കാര്‍ സജ്ജമാണ്. വിഴിഞ്ഞം വ്യവസായലോകത്തിന് മുന്നില്‍ പ്രതീക്ഷകളുടെ പുതിയ കവാടം തുറക്കുകയാണ്. കേരളത്തിന്റെ യൂണിക് സെല്ലിംഗ് പോയിന്റുകള്‍ തിരിച്ചറിഞ്ഞ് വ്യവസായികള്‍ ആത്മവിശ്വാസത്തോടെ നിക്ഷേപത്തിനായി മുന്നോട്ട് വരണം.
തെക്ക് നിന്ന് വടക്കോട്ട് നോക്കിയാലറിയാം കേരളത്തിലൊരിത്തിരി സ്ഥലം പോലും വെറുതേ കിടക്കുന്നില്ലെന്ന്. മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല സ്ഥിതി. ഓരോ സ്ഥാപനങ്ങള്‍ക്ക് ശേഷവും ഏക്കറുകണക്കിന് ഒഴിഞ്ഞ ഇടങ്ങള്‍ കാണാം. കേരളത്തിന്റെ പര്‍ച്ചേസിംഗ് പവര്‍ വളരെക്കൂടുതലാണ്. ടാറ്റാ മോട്ടോഴ്സിന്റെ 20 ശതമാനം ഇലക്ട്രോണിക് വാഹനങ്ങളാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സിന്റെ 7-8ശതമാനം കേരളത്തിലാണ് വില്‍ക്കപ്പെടുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും പ്രാദേശികരാണ് കൂടുതല്‍. ഇതാണ് വ്യവസായികള്‍ക്കുള്ള കേരളത്തിന്റെ യുഎസ്പി. സംസ്ഥാനത്തിന്റെ ഈ പൊട്ടന്‍ഷ്യല്‍ ഭാവിയിലെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമാണ്. ഉയര്‍ന്ന നൈപുണ്യശേഷിയുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും സംസ്ഥാനത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ടാണ്. വളര്‍ന്നുവരുന്ന വ്യവസായിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാണ്. അത് പഠിക്കാന്‍ യുവാക്കാളും തയ്യാറാണ്. കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ വ്യവസായികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഴിഞ്ഞം തുറമുഖത്തിനടുത്തുള്ള മത്സ്യബന്ധനബോട്ടുകളുടെ സാന്നിദ്ധ്യം, ഇമിഗ്രേഷന്‍, കസ്റ്റംസ് വിഷയങ്ങള്‍, കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവര്‍ഷത്തോളം സമയം കണക്കാക്കിയിരുന്നെങ്കിലും മൂന്നുമാസത്തിനുള്ളില്‍ നൂറിലേറേ കപ്പലുകള്‍ വന്നുപോയത് മാതൃകാപരമാണെന്നും ലോകത്ത് മറ്റൊരു തുറമുഖവും ഇത്രവേഗത്തില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ലെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്തുണയും ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സേവനവുമാണ് ഇതിന് പിന്നില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകനിലവാരമുള്ള മള്‍ട്ടി കാര്‍ഗോ മെഗാ ഹാന്‍ഡിലിംഗ് പോര്‍ട്ടായി വിഴിഞ്ഞം മാറും. അടുത്ത വര്‍ഷം വിഴിഞ്ഞത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. എന്തു പ്രശ്നത്തിനും പരിഹാരം കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് കൊണ്ടാണ് ഇത്രവേഗം ജോലികള്‍ തീരുന്നതെന്നും വലിയൊരു പങ്കാളിത്തമാണ് കേരളം നല്‍ക്കുന്നതെന്നും പ്രദീപ് ജയരാമന്‍ പറഞ്ഞു.