Kerala

ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് | chottanikkara murder attempt

വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്

കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കുനേരെയുണ്ടായത് കൊലപാതക ശ്രമമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, വീടിനുള്ളിൽ വെച്ച് പരിക്കേറ്റ പെണ്‍കുട്ടിയുടെ തലയ്ക്കുള്ളിൽ ഗുരുതരമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. എന്നാൽ, പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപിന്‍റെ മൊഴി.

പെൺകുട്ടിയെ മർദിച്ചതായും ഇതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മൊഴി നൽകിയിരുന്നു. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയിൽ ബലാത്സം​ഗം, വധശ്രമ കേസുകൾ ചുമത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് പറഞ്ഞു.

പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. ഒരു വർഷം മുമ്പ്  ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാൾ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

നാട്ടുകാരുമായി ഇയാൾ‌ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

content highlight : chottanikkara-murder-attempt-case-injured-girl-s-condition-is-critical-on-ventilator-accused-anoop-arrested