മഞ്ഞിൻ പുതപ്പിനുള്ളിൽ മൂന്നാറിന്റെ കുന്നിൻ മുകളിലായി അധികമാരുടെയും ശ്രദ്ധയിൽപെടാതെ ഒരു പ്രണയസ്മാരകമുണ്ട്. പഴയ മൂന്നാറിലെ സി.എസ്.ഐ ദേവാലയത്തിന് സമീപത്തെ കല്ലറയിൽ നിത്യസ്മാരകമായി നിലകൊള്ളുന്ന എലേനർ ഇസബെൽ മേയുടെ ശവകുടീരമാണത്. 130 വർഷങ്ങളുടെ ചരിത്രം പിന്നോട്ട് നടക്കുമ്പോൾ എത്തിച്ചേരുന്നത് പ്രണയത്തിന്റെ നിത്യ സ്മാരകത്തിന്റെ മുന്നിലേക്കാണ്. മൂന്നാറില്‍ ബ്രിട്ടീഷ് പ്ലാന്റിങ് കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന ഹെൻട്രി മാന്‍സ്ഫീല്‍ഡ് നൈറ്റിനൊപ്പമാണ് ഇംഗ്ലണ്ടിലെ സിറ്റിന്ബര്ഗില്നിന്ന് 24കാരിയായ എലേനര്‍ മൂന്നാറിലെത്തുന്നത്. വിവാഹശേഷം ഹെൻട്രിയുടെ കൈപിടിച്ച് നടക്കാനിറങ്ങിയ എലേനര്‍, മൂന്നാര്‍ പുഴയുടെ തീരത്ത് മഞ്ഞ് പൊതിഞ്ഞ കുന്നിന്‍മുകളില്‍വെച്ച് പറഞ്ഞു, ‘‘ഇത് സ്വർഗമാണ്, ഞാന്‍ മരിക്കുകയാണെങ്കില്‍ എന്നെ ഈ സ്വപ്നഭൂമിയില്‍ അടക്കം ചെയ്യണം’’ എന്ന്. ഹെൻട്രി അതുകേട്ടു പൊട്ടിച്ചിരിച്ചു, തമാശയെന്നു കരുതി.
ആ വാക്കുകൾ അറംപറ്റിയതുപോലെ ദിവസങ്ങൾക്കകം അവള്‍ക്ക് കോളറ പിടിപെട്ടു. ചുരുങ്ങിയ ദിവസങ്ങളിൽ രോഗം മൂർച്ഛിച്ചു. 1894 ഡിസംബറിലെ ഒരു ക്രിസ്മസ് രാവിൽ എലേനർ ഇസബെല്ല മേ ഈ ലോകത്തോട് വിടപറഞ്ഞു. പ്രിയതമയുടെ ആഗ്രഹപ്രകാരം ഭർത്താവ് ഹെൻട്രിയും സഹപ്രവർത്തകരും ചേർന്നു മലമുകളിൽത്തന്നെ ക്രിസ്മസ് തലേന്ന് മൃതദേഹം സംസ്കരിച്ചു. കല്ലറയുടെ തലക്കൽ മൂന്ന് സിമന്റ് തട്ടുകൾ ഒരുക്കി. മുകളിലത്തെ തട്ടിൽ എലേനർ ഇസബെൽ മേ ELEANOR ISABEL MAY എന്ന് ഇംഗ്ലീഷിൽ കൊത്തിവെച്ചിട്ടുണ്ട്. ‘‘THE DEARLY BELOVED WIFE OF HENRY MANSFIELD KNIGHT AND YOUNGEST DAUGHTER OF BEANFORT BRABAZON. M.D എന്ന് രണ്ടാമത്തെ തട്ടിൽ. അടുത്ത വരിയിൽ DIED-23 RD DEC 1894. AGED 24 YEARS.’’ തന്റെ പ്രിയതമക്ക് നിത്യശാന്തി ചേർന്ന് ഹെൻട്രി കുറിച്ച അക്ഷരങ്ങൾ മൂന്നാമത്തെ തട്ടിലാണ്. ‘ഞാൻ മരിച്ചാൽ എന്നെ ഈ കുന്നിൻ മുകളിൽ അടക്കം ചെയ്യുക…’
എലേനറുടെ മരണശേഷം ഹെൻട്രി കുറെനാൾ മൂന്നാറിലുണ്ടായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ് എലേനറുടെ കല്ലറയിലെത്തുന്ന ഹെൻട്രി ഏറെനേരം ഇവിടെ ചെലവഴിച്ചു. കാട്ടുപൂക്കൾ കല്ലറയിൽ വിതറി. പിന്നീട് ജന്മനാട്ടിലേക്കു മടങ്ങിയ ഹെൻട്രി അവിടെ െവച്ചാണ് മരിച്ചത്. എലേനറുടെ മരണത്തിനുശേഷവും ഈ കുന്നിൻപുറത്തു വിദേശികളെ അടക്കം ചെയ്തു. 1900 ഏപ്രിൽ 15ന്, ഒരു ഇൗസ്റ്റർ ദിനത്തിൽ കുന്നിൻമുകളിലെ പ്രദേശം സെമിത്തേരിയായി ആശീർവദിക്കപ്പെട്ടു. ഒരു മരണ രജിസ്റ്ററും തുറന്നു. എലേനറുടേതായിരുന്നു ആ രജിസ്റ്ററിലെ ആദ്യ പേര്.
ദേവാലയം പണിയുന്നതിനു മുൻപ് സെമിത്തേരി ആശീർവദിക്കപ്പെട്ടയിടം എന്ന പേരും പിൽക്കാലത്തു നിർമിക്കപ്പെട്ട മൂന്നാർ സി.എസ്.ഐ ക്രൈസ്റ്റ് ദേവാലയത്തിനു ലഭിച്ചു. 1910 മാർച്ച് 10ന് ദേവാലയത്തിനു തറക്കല്ലിട്ടു. അന്നു കൊച്ചിയിൽനിന്ന് മൂന്നാറിലേക്കു ഗതാഗതം സുഗമമല്ലാത്തതിനാൽ കൊളംബോയിൽനിന്നു രാമേശ്വരം വഴി എത്തിയ സംഘമാണ് ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത്. ചർച് ഓഫ് ഇംഗ്ലണ്ടിന്റെയും ചർച്ച് ഓഫ് സ്കോട്ലൻഡിന്റെയും പ്രാർഥനകളും ഇവിടെ നടന്നു. 1911 മേയിൽ വിശ്വാസികൾക്കായി പള്ളി തുറന്നുകൊടുത്തു. സെമിത്തേരി ആശീർവദിച്ച് 11 വർഷങ്ങൾക്കുശേഷമായിരുന്നു അത്. സ്കോട്ടിഷ് മാതൃകയിൽ പൂർണമായും കരിങ്കല്ലിലാണ് ദേവാലയം നിർമിച്ചത്. ഉള്ളിൽനിന്നു നോക്കിയാൽ കുരിശിന്റെ ആകൃതി. മൂന്നാറിൽനിന്നുള്ള കല്ലുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്.ദേവാലയത്തിനുള്ളിലെ ഫർണിച്ചർ, മണി, ക്ലോക്ക്, പിയാനോ, ഗ്ലാസുകൾ തുടങ്ങിയവ ലണ്ടനിൽനിന്നു കപ്പൽമാർഗം എത്തിച്ചു. പള്ളിമണിയുമായി വന്ന ആദ്യ കപ്പൽ മുങ്ങി. പിന്നീട്, മറ്റൊരു കപ്പലിൽ സാധനങ്ങൾ എത്തിക്കുകയായിരുന്നു.
എലേനർ ഭർത്താവുമായി സംസാരിച്ചിരുന്ന ആ കുന്നിൻപുറം ഇന്ന് സെമിത്തേരിയാണ്. എലേനറിന്റെ ഉൾപ്പെടെ 44 വിദേശികളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഇംഗ്ലീഷിൽ മാത്രമായിരുന്നു ആരാധന. നിലവിൽ, ഇംഗ്ലീഷിനു പുറമെ മലയാളത്തിലും തമിഴിലും ആരാധനകളുണ്ട്. സി.എസ്.ഐ കൊച്ചിൻ മഹാ ഇടവകയുടെ നിയന്ത്രണത്തിലാണ് ദേവാലയം. എലേനറുടെ ബന്ധുക്കൾ ഇപ്പോഴും കല്ലറ സന്ദർശിക്കാനെത്താറുണ്ട്. മൂന്നാർ ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെ പഴയ മൂന്നാറിലാണ് സി.എസ്.ഐ ദേവാലയവും എലേനറുടെ കല്ലറയും. മൂന്നാറിലെത്തുന്നവർ ദേവാലയവും എലേനറുടെ കല്ലറയും കാണാതെ മടങ്ങില്ല. എലേനറുടെയും ഹെൻട്രിയുടെയും ഓർമച്ചിത്രങ്ങൾ ദേവാലയ അധികൃതരുടെ ചിത്രശേഖരത്തിൽ ഇല്ല. എന്നാൽ, പറഞ്ഞും കേട്ടും അറിഞ്ഞ കഥകളിലൂടെ അവരിന്നും ഇവിടെയുണ്ട്.
STORY HIGHLIGHTS: love-monument-in-munnar