നൂറുകണക്കിന് കൗതുകകരവും അമ്പരപ്പുളവാക്കുന്നതുമായ കാഴ്ചകളുടെ സംഗമഭൂമിയാണ് നമ്മുടെ ഇന്ത്യ. വിനോദസഞ്ചാര കേന്ദ്രമായാലും ആരാധനാലയമായാലും ഇന്ത്യയിൽ അതിലൊരു കഥയോ കൗതുകമോ ഉണ്ടാകും. അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിന് അടുത്തുണ്ട്. കർണാടകയിലെ ചന്നപട്ടണത്തിലാണ് ഈ ക്ഷേത്രമുള്ളത്. ബംഗളൂരു മലയാളികൾക്ക് വളരെയെളുപ്പം സന്ദർശിക്കാവുന്ന ഒരു സ്ഥലമാണിവിടം. ബംഗളൂരുവിൽ നിന്നും 60 കിലോമീറ്റർ മാത്രം അകലെയാണിത്. ടിപ്പു സുൽത്താന്റെയടക്കം കാലത്ത് കർണാടകയിൽ നിന്നും ലോകമാകെ ശ്രദ്ധ നേടിയ തടികൊണ്ടുള്ള പ്രത്യേക കളിപ്പാട്ടങ്ങളുടെ ആസ്ഥാനമാണ് ചന്നപട്ടണ.
ഇവിടെ നായകൾക്ക് വേണ്ടിയൊരു ക്ഷേത്രമുണ്ട്. വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണല്ലോ നായ്ക്കൾ. നായകളുടെ കണ്ണിലേക്ക് നോക്കുമ്പോൾ അവയ്ക്ക് നമ്മൾ മനുഷ്യരുമായി സ്നേഹവും ദുഃഖവുമടക്കം വികാരങ്ങൾ എളുപ്പം കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കുമെന്നാണ് ജന്തുവിദഗ്ദ്ധർ പറയപ്പെടുന്നത്. ആ സ്നേഹംകൊണ്ടുതന്നെയാകും നായകൾക്കായി ക്ഷേത്രം നിർമ്മിക്കാൻ രമേശ് എന്ന ബിസിനസുകാരന് പ്രചോദനമായത്.2010ലാണ് രമേശ് ചന്നപട്ടണയിൽ നായക്ഷേത്രമുണ്ടാക്കിയത്. ഗ്രാമത്തിൽ കെമ്പമ്മ ക്ഷേത്രം എന്നൊരു ക്ഷേത്രവും രമേശ് നിർമ്മിച്ചിരുന്നു. ഒരിക്കൽ ഈ ഗ്രാമത്തിൽ രണ്ട് നായ്ക്കളെ കാണാതെയായി.
അൽപനാൾ കഴിഞ്ഞപ്പോൾ കെമ്പമ്മ ദേവി ഗ്രാമീണരിൽ ഒരാളുടെ സ്വപ്നത്തിൽ വന്ന് ഈ കാണാതായ നായകൾക്കായി ക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ടു. തന്റെ ക്ഷേത്രത്തിന് സമീപം വേണം എന്നും ആവശ്യപ്പെട്ടു.വൈകാതെ കാണാതായ രണ്ട് നായകളെ ആരാധിക്കുന്ന ക്ഷേത്രം അവിടെയുയർന്നു. ഗ്രാമത്തിലെ മോശം ശക്തികളെ അകറ്റി പോസിറ്റീവ് എനർജി ഈ നായകൾ നൽകുന്നുണ്ടെന്നാണ് ഇപ്പോൾ ഗ്രാമവാസികളുടെ വിശ്വാസം. നായകളെ ആദരിക്കാനായി വലിയ ഉത്സവവും വർഷാവർഷം നടക്കാറുണ്ട്. ചന്നപട്ടണയിലേക്ക് ബംഗളൂരു നഗരത്തിൽ നിന്നും നേരിട്ട് ബസ് ലഭിക്കും. ഇവിടെനിന്നും 20 കിലോമീറ്റർ അകലെ അഗ്രഹാര വലഗെരെഹള്ളി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
STORY HIGHLIGHTS : dog-temple-for-canine-lovers