തിരുവനന്തപുരം: കുട്ടികൾക്കായി മ്യൂസിയം കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന പാർക്കും കളിക്കോപ്പുകളും നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. അറ്റകുറ്റപണി നടത്താതെ പ്രവർത്തനം നിലച്ച മ്യൂസിയത്തിലെ കുട്ടികളുടെ പാർക്കിന് പകരം പുതിയത് നിർമിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും രണ്ട് വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. രണ്ടു വർഷത്തിലേറെയായി മഴയും വെയിലുമേറ്റ് കുട്ടികളുടെ പഴയ പാർക്കും ഉപകരണങ്ങളും പൂർണമായും നശിച്ചു. ഉപകരണങ്ങളിലും കാട് കയറി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.
മ്യൂസിയത്തിന്റെ തുടക്കം മുതൽ ഇവിടെയുണ്ടായിരുന്ന കുട്ടികളുടെ പാർക്കിങ് ട്രെയിൻ, കറങ്ങുന്ന കുതിര, തുടങ്ങി ആറിലധികം കളിക്കോപ്പുകളാണ് ഉണ്ടായിരുന്നത്. വൻകിട മാളുകളിൽ 250-300 രൂപ കൊടുക്കേണ്ടി വരുന്ന ഉപകരണങ്ങളിൽ കയറാൻ മ്യൂസിയത്തിൽ 10 മുതൽ 20 രൂപ വരെയായിരുന്നു ചാർജ്. സാധാരണക്കാർക്ക് ഇത് വളരെ ആശ്വാസമായിരുന്നു. കുടുംബമായി മ്യൂസിയത്തിൽ എത്തുന്നവർക്ക് വലിയ പണം ചെലവഴിക്കാതെ കുട്ടികളെ കുളിപ്പിക്കാൻ സാധിക്കുമെന്നതിനാൽ പാർക്കിലേക്ക് ജനം കൂട്ടമായി എത്തിയിരുന്നു. ഇതിന് സമീപത്തായി പുതിയ പാർക്ക് വന്നതോടെ അധികൃതർ പതിയെ ഇതിനെ കൈയൊഴിഞ്ഞു.
പുതിയ പാർക്കിൽ ഊഞ്ഞാലും മറ്റ് ചെറിയ സംവിധാനങ്ങളാണ് ഉള്ളത്. കളിക്കോപ്പുകൾ വളരെ കുറവാണ്. പഴയ പാർക്കിൽ കേടുവന്ന ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്താതെ ഇതിലേക്കുള്ള പ്രവേശനം ആദ്യം അധികൃതർ നിരോധിച്ചു. പതിയെ പാർക്കിലേക്കുള്ള പ്രവേശനം പൂർണമായും നിർത്തി. ഇതോടെ പ്രവർത്തിച്ചിരുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗശൂന്യമായി. പാർക്ക് അടച്ച് പൂട്ടിയതിന്റെ കാരണം തിരക്കി എത്തിയവരോട് പുതിയ പാർക്ക് സ്ഥാപിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നു. ഇതിനായി ഉപകരണങ്ങൾ കൊണ്ടു വരുമെന്നും നവീകരിച്ച പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അധിക്യതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് വർഷം രണ്ടു കഴിഞ്ഞിട്ടും പാർക്കിൽ നവീകരണത്തിനായുള്ള പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
ഇതിനിടയിൽ പാർക്കിലെ മുഴുവൻ ഉപകരണങ്ങളും കേടായി, പലതിലും കാടും പിടിച്ചു. ഇതിനിടയിൽ പല തവണ വകുപ്പ് മന്ത്രി മൃഗശാലയും മ്യൂസിയവും സന്ദർശിച്ചുവെങ്കിലും പാർക്ക് നശിച്ച കാര്യം മാത്രം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കാൻ ആശ്രയമായിരുന്ന പാർക്ക് പുതുക്കി പണിയാൻ സ്ഥലം എംഎൽഎ ഇടപെടണമെന്നും സന്ദർശകർ ആവശ്യപ്പെടുന്നു. എന്നാൽ, പാർക്ക് പുതുക്കിപ്പണിയുന്നതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കി പുതിയത് നിർമിക്കുമെന്നും അധികൃതർ അറിയിച്ചു.
content highlight : lakhs-of-rupees-went-in-vain-as-the-childrens-park-in-museum-compound-was-damaged