തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ 2 എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ അറസ്റ്റിലായ കെഎസ്യു നേതാക്കൾ റിമാൻഡിൽ. ജില്ലാ പ്രസിഡന്റ് പൂക്കോട് കുഴിക്കാട്ടിൽ ഗോകുൽ (27), സംസ്ഥാന ട്രഷറർ കണിമംഗലം തയ്യിൽ സച്ചിൻ (26), സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പരപ്പനങ്ങാടി പറക്കണ്ണിത്തറയിൽ സുദേവ് (31) എന്നിവരെയാണു ചാലക്കുടി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കു മാറ്റിയത്.
തലയ്ക്കു പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകൻ ആശിഷ് കൃഷ്ണയുടെ (21) ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായെന്നും ഇന്ന് ആശുപത്രി മോചിതനായേക്കുമെന്നും അധികൃതർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അഗ്നിവേശ് (20) ആശുപത്രി മോചിതനായി. കലോത്സവത്തിലെ വിധിനിർണയത്തിൽ പാളിച്ചയാരോപിച്ചു തിങ്കളാഴ്ച അർധരാത്രിയോടെ ആരംഭിച്ച തർക്കമാണ് എസ്എഫ്ഐ – കെഎസ് യു സംഘർഷത്തിനു കാരണമായത്. തങ്ങളെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നെന്ന ആശിഷ് കൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്യു നേതാക്കളെ പൊലീസ് തിരഞ്ഞെങ്കിലും ഇവർ ഏറ്റുമുട്ടലിനു പിന്നാലെ ഒളിവിലായി.
ആലുവ യുസി കോളജിനു സമീപം ഇവരുണ്ടെന്ന് കണ്ടെത്തി മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. വധശ്രമത്തിനാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പൊലീസ് അറിയിച്ചു. ആകെ 14 പ്രതികളുള്ളതിൽ മറ്റുള്ളവർക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ കാരണം കർശന സുരക്ഷയോടെയാണു പ്രതികളെ മാള പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലുമെത്തിച്ചത്.