ബാലതാരമായി സിനിമയില്‍ അഭിനയിച്ച അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ഇന്ന് മലയാളത്തിലെ യുവ നടന്മാരില്‍ പ്രധാനിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലാത്ത പ്രണവ് കാടും മലകളും ഒക്കെ യാത്ര ചെയ്യുന്നതില്‍ കൗതുകം കണ്ടെത്തിയ ആളാണ്. താര ജാഡകൾ ഒന്നും ഇല്ലാതെ യാത്രകളെ ആവേശമാക്കി മാറ്റിയ പ്രണവിനോട് പ്രത്യേക ഇഷ്ടമാണ് മലയാളി സിനിമാ പ്രേക്ഷകർക്ക്. യാത്രകളുടെ ഇടവേളകളിലാണ് നടന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോൾ എന്തായാലും താരത്തിന്റേതായി പുതിയ ചിത്രം എത്തുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാഹുല്‍ സദാശിവന്റെ അടുത്ത ചിത്രത്തിലാണ് പ്രണവ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറഞ്ഞെങ്കിലും പ്രണവിന്റെയോ രാഹുല്‍ സദാശിവന്റെയോ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. എന്നാല്‍ പിന്നീട് പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും രാഹുല്‍ ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോഴും പ്രണവിനെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല. എന്നാലിപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ പുതിയ സിനിമ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയതോടെ ഇത് രാഹുല്‍ സദാശിവന്‍ ചിത്രമാകുമെന്നാണ് ആരാധകർ നിരീക്ഷിക്കുന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ മോഹൻലാലുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് മകന്റെ സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘മകള്‍ തായ്ലാന്‍ഡിലാണ്. സ്പോര്‍ട്സിനോട് താല്‍പര്യമുള്ള കുട്ടിയാണ്. മോയി തായി എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്ട് പഠിക്കുകയാണ്. മകന്‍ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. അയാള്‍ ഒരുപാട് ട്രാവല്‍ ചെയ്യുന്നയാളാണ്. മക്കള്‍ക്ക് സിനിമാഭിനയത്തേക്കാള്‍ സംഗീതവും സാഹിത്യവും കവിതയുമെല്ലാമാണ് ഇഷ്ടം’. എന്നിങ്ങനെയാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം മറ്റൊരു അഭിമുഖത്തില്‍ മകള്‍ വിസ്മയെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. പൊതുവേ പെണ്‍മക്കള്‍ക്ക് അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. മോഹന്‍ലാലും മകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിമനോഹരമായ ഒരു ബന്ധമാണ് അത്. അച്ഛന്‍ മകള്‍ എന്നതിനേക്കാള്‍ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍ എന്നിങ്ങനെയായിരുന്നു മകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.