Celebrities

‘ഓരോ സം​ഗീതത്തിലും നിങ്ങൾ പകർന്ന സ്നേഹമുണ്ട്’ : അമ്മയുടെ വിയോ​ഗത്തിൽ വൈകാരിക കുറിപ്പുമായി ​ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ കൂർക്കഞ്ചേരി അജന്ത അപ്പാർട്ട്‌മെന്റ്‌സിൽ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് ഗോപി സുന്ദർ അറിയിച്ചത്. അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് അമ്മക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ഫേസ് ബുക്കിൽ കുറിച്ചു.

ഗോപി സുന്ദറിന്റെ പോസ്റ്റ്

അമ്മേ നിങ്ങൾ എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സം​ഗീതത്തിലും എന്റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു.

നിങ്ങളുടെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കാനായി ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും എന്‍റെ വഴിത്താരകളിലെ പ്രകാശവുമായിരിക്കും.

തൃശൂരിൽ ആയിരുന്നു ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ).

Tags: gopi sundar