തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടെന്നാണ് സൂചന. രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി. കുട്ടി അമ്മാവന്റെ മുറിയിലായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. അച്ഛനും അമ്മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ(2) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതി ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി.
വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അമ്മയുടെ സഹോദരന്റെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അവിടെയാണ് കുട്ടി കിടന്നത്. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ഇവരുടെ മൊഴി.
അതേസമയം, കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിൻസെൻറ് എംഎൽഎ പറഞ്ഞു. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. താൻ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിൻസെൻറ് എംഎൽഎ പ്രതികരിച്ചു.
അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍, മാതാപിതാക്കളേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവകരികളുണ്ട്. അതിനാല്‍ത്തന്നെ കുഞ്ഞിന് തനിയെ പോകാനുമാകില്ല. ഇതാണ് സംശയത്തിന് ഇടവരുത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.