Kerala

വയനാട്ടിലെ കടുവകൾ ഇനി തലസ്ഥാന മൃഗശാലയിൽ

വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക. ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. വയനാട് പുൽപ്പള്ളി പരിസരപ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺ കടുവയാണിത്. ജനവാസമേഖലയിൽ നിലയുറപ്പിച്ച കടുവ 5 ആടുകളെയാണ് കൊന്നത്.

കർണാടക വനമേഖലയിൽ നിന്നാണ് ഈ കടുവ എത്തിയതെന്ന് നിഗമനത്തിലാണ് വനം വകുപ്പ്. കടുവ കൂട്ടിലായതിന് ശേഷം കുപ്പാടിയിലെ വനം വകുപ്പിന് കീഴിലുള്ള മൃഗ പരിചരണ കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. കാലിന് പരുക്കേറ്റ കടുവയ്ക്ക് ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ അരുൺ സക്കറിയയുടെ നേത്യത്വത്തിൽ ചികിത്സ ലഭ്യമാക്കിയിരുന്നു.