സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
മയക്കുമരുന്ന് മാഫിയക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിണറായി വിജയൻ മാറ്റി. റേഷൻ കടയിൽ അരി കിട്ടിയില്ലെങ്കിലും എല്ലായിടത്തും മദ്യം കിട്ടുമെന്ന സ്ഥിതിയാണ് കേരളത്തിൽ. സംസ്ഥാനത്തെ രക്ഷിക്കാൻ പിണറായി വിജയനെ താഴെയിറക്കണം. അതിനുള്ള രാഷ്ട്രീയ മുദ്രാവാക്യം കോൺഗ്രസ് ഏറ്റെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ഇറങ്ങിയേ മതിയാകൂ. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തുന്നത് പിണറായി വിജയന്റെ പിആർ ഏജൻസികളാണ്. ആ കട്ടില് കണ്ട് പനിക്കേണ്ടെന്ന് പിണറായിയോട് പറയാൻ കഴിയണം. ഇരുമ്പു മറയുള്ള പാർട്ടിയല്ല കോൺഗ്രസ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പാർട്ടി കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം ഉയരും. പക്ഷെ അത് അവിടെ തീരണം. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം മാറിപ്പോയവരെ തിരിച്ച് കൊണ്ട് വരണം. അവരെ വിശ്വാസത്തിലെടുക്കണം. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് അല്ല പാർട്ടിയുടെ കരുത്തിനാകണം പ്രധാനം എന്ന് കെസി വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാൻ്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ പൊതുചർച്ച നടത്തിയല്ല തീരുമാനമെടുക്കുകയെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
















