പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണ ശാല തുടങ്ങാൻ അനുമതി നൽകിയത്. പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകിയത് നടപടികള്‍ പാലിച്ചാണ്. പരസ്യം നൽകി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇപ്പോള്‍ മദ്യനയത്തിൽ മാറ്റം വരുത്തിയാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഭൂഗര്‍ഭ ജലം ഉപയോഗിക്കാനാണ് കമ്പനിക്ക് ആദ്യം അനുമതി നൽകിയത്. ഇത് വിവാദമായപ്പോഴാണ് മഴവെള്ളം എന്നാക്കിയത്. എംബി രാജേഷ് പറയുന്നത് പോലെ മഴയും പാലക്കാട് ലഭിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളം കാര്‍ഷിക ആവശ്യത്തിനുള്ളതാണ്. ഹൈക്കോടതി തന്നെ ഇത് പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് ജനങ്ങള്‍ എതിരാണ്. ഉത്തരവ് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവിടെ ഉൽപാദിപ്പിക്കേണ്ടത് മദ്യം അല്ലെന്നും നെല്ലാണെന്നും ആകെ മൊത്തം ദുരൂഹതയാണെന്നും ഒരു കാരണവശാലം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.