പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്.
നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
നേരത്തെ ഹൈക്കോടതിയിൽ നടൻ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ടത്.