ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. ജീവനോടെ കിണറ്റിലിട്ടുവെന്നാണ് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്.
കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ തുടക്കംമുതലേ ദുരൂഹത നിലനിന്നിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടര്‍ന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്, അമ്മ, അമ്മയുടെ സഹോദരന്, മുത്തശ്ശി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്. അപ്പോള്‍ത്തന്നെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. അഞ്ച് മണിയോടെ വീട്ടില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. കുട്ടിയുടെ അമ്മാവൻ കിടന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.
മുറിയിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായി കുട്ടിയെ കാണാനില്ലെന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എം വിൻസെന്റ് എംഎൽഎ പറഞ്ഞു. ഇതിനുശേഷമാണ് കുട്ടിയെ കാണുന്നില്ലെന്ന് മനസിലായതെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും എംഎൽഎ പറഞ്ഞു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
കൂടാതെ ഇതേ വീട്ടിൽ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുൻപ് പരാതിയും നൽകിയിരുന്നു. പിന്നീട് പരാതി പിൻവലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.