ആരോഗ്യ പ്രവർത്തകർക്ക് ഏകീകൃത ലൈസൻസ് സംവിധാനം ഏർപ്പെടുത്താൻ യുഎഇ. രാജ്യത്ത് എല്ലായിടത്തും പ്രവർത്തിക്കാവുന്ന വിധത്തിലാകും ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നൽകുക. ലൈസൻസിംഗ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനം സഹായിക്കുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിലെ ആക്ടിംഗ് ഡയറക്ടർ അലാ മൻസൂർ യഹ്യ അറിയിച്ചു.
ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും ഏജൻസികളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമാണ് നിലവിൽ ലൈസൻസ് എടുക്കുന്നത്. എമിറേറ്റുകൾ മാറുമ്പോൾ വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. ഇതെല്ലാം ഏകീകരിക്കാനാണ് ആരോഗ്യമന്ത്രാലയത്തിലെ ലൈസൻസിംഗ് ആന്റ് അക്രെഡിറ്റേഷൻ ഡിപ്പാർട്ട്മെൻ്റ് ആലോചിക്കുന്നത്. ലൈസൻസിംഗ് നടപടികൾ ഏകീകരിക്കുകയും വേഗത്തിലാക്കുകയുമാണ് ലക്ഷ്യമെന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അലാ മൻസൂർ യഹ്യ വിശദീകരിച്ചു. പുതിയ സംവിധാനം എന്ന് നിലവിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ഉടൻ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് യഹ്യ വിശദീകരിച്ചു. ആരോഗ്യ രംഗത്തെ വിവിധ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി വരികയാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ടെക്നിക്കൽ രംഗത്തുള്ളവർ, മെഡിക്കൽ സേവനവുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്കെല്ലാം ഇത്തരത്തിൽ ലൈസൻസ് നൽകും. പുതിയ സംവിധാനത്തിൽ ലൈസൻസ് എടുക്കുന്നവർക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി ചെയ്യാനാകും.