Kerala

ബ്രൂവറി പ്ലാന്റ് വിഷയം; ജനതാദള്‍ (എസ്) മായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്യു ടി. തോമസ്

എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റിന് പ്രാഥമിക അനുമതി മന്ത്രിസഭ നല്‍കിയത് സംബന്ധിച്ച് ജനതാദള്‍ (എസ്) പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പ്രസ്താവിച്ചു. ബുധനാഴ്ച സംസ്ഥാന നേതൃയോഗം ചേരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി നിലപാട് എന്ന പേരില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മാധ്യമങ്ങളില്‍ മുന്‍കൂട്ടി വന്ന വാര്‍ത്തകള്‍ക്കു അനുസൃതമായ തീരുമാനം പാര്‍ട്ടി എടുത്തു എന്നാണ് ഇപ്പോഴത്തെ പ്രചരണം. ഈ കൃത്രിമത്വത്തിന്റെ പിന്നില്‍ ചില താല്‍പര്യക്കാര്‍ ഉണ്ട് എന്ന് ന്യായമായും ധരിക്കേണ്ടി വരുന്നു.

പ്ലാച്ചിമടയില്‍ 20 കൊല്ലം മുമ്പ് കൊക്കോ കോള കമ്പനി സ്ഥാപിക്കാന്‍ ശ്രമിച്ച ഭീമന്‍ പ്ലാന്റിനെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിന് ജനതാദള്‍ (എസ്) പാര്‍ട്ടി നേതൃപരമായ പങ്കു വഹിച്ചിരുന്നു. ഭൂഗര്‍ഭ ജലം വന്‍തോതില്‍ ഊറ്റി എടുക്കുവാന്‍ ലക്ഷ്യമിട്ട ഒരു പദ്ധതിയെയാണ് അന്ന് എതിര്‍ത്തു പരാജയപ്പെടുത്തിയത്. അതിനു സമാനമല്ല ഇപ്പോഴത്തെ വിഷയം. ഭൂഗര്‍ഭ ജലം ഒരിറ്റു പോലും ഉപയോഗിക്കാതെയും ജനങ്ങളുടെ കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കും ഒരു വിധത്തിലും തടസ്സമാകാതെയും ആണ് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കുക എന്ന സംഗതി നേതൃയോഗത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കുകയാണുണ്ടായത്. ആ വസ്തുത ഫലപ്രദമായി ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. മറിച്ചുള്ള വാര്‍ത്തകള്‍ തല്പരകക്ഷികള്‍ കെട്ടിച്ചമച്ചവ മാത്രമാണ് .

മന്ത്രിമാറ്റം എന്നൊരു വിഷയം പാര്‍ട്ടിയുടെ അജണ്ടായില്‍ ഇല്ല എന്നും മാത്യു ടി. തോമസ് വ്യക്തമാക്കി. ഫെബ്രുവരി മാസത്തില്‍ 4 മേഖലകളിലായി ജനതാദള്‍ (എസ്) പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ചേരുന്നതാണ്. സംസ്ഥാനത്തു അടിക്കടി ഉണ്ടാവുന്ന വന്യമൃഗ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിനു കേന്ദ്ര വനനിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ അനിവാര്യമാണെന്നും അത്തരം നടപടികള്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റു അംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ജനതാദള്‍ (എസ്) നേതൃയോഗം ആവശ്യപ്പെട്ടു.